01:04pm 25 October 2026
NEWS
കോഴിക്കോട് അഞ്ചാംപനി പടരുന്നു; അഞ്ച് സ്കൂൾ വിദ്യാർഥികൾക്ക് രോഗബാധ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
25/10/2026  11:25 AM IST
nila
കോഴിക്കോട് അഞ്ചാംപനി പടരുന്നു; അഞ്ച് സ്കൂൾ വിദ്യാർഥികൾക്ക് രോഗബാധ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

 

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിൽ അഞ്ച് കുട്ടികൾക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. പ്രൈമറി സ്കൂൾ വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. ഒരു വയസ്സ് തികയുന്നതിന് മുമ്പ് നൽകേണ്ട പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്ത കുട്ടികൾക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

രോഗം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള സർവേ, പ്രതിരോധ ബോധവൽക്കരണം എന്നിവയും സംഘടിപ്പിച്ചു. വാർഡ് ശുചിത്വ സമിതി യോഗം ചേർന്ന് തുടർനടപടികളും ചർച്ച ചെയ്തു.

ആരോഗ്യ-വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.പി. നഷ്മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, ഹെൽത്ത് സൂപ്പർവൈസർ പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി എന്നിവരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img